Thursday, March 15, 2012

പച്ചവെളിച്ചം : My SS YF Entry

ഇടവപ്പാതി തിമിര്‍ത്തു പെയ്യുകയാണ്.. അയാള്‍ ലവല്‍ ക്രോസ് കാബിന്റെ വാതിലില്‍ നിന്ന് മഴയെ നോക്കുകയാണ് കുറച്ചു നേരമായി.. പുറത്തു നിന്ന് നോക്കിയാല്‍ റെയില്‍വേ സ്റ്റേഷന്‍ കാണാം.. നിലമ്പൂര്‍ പാസഞ്ചര്‍ ഒന്നാം നമ്പര്‍ പ്ലട്ഫോര്മില്‍ സിഗ്നലും കാത്തു കിടപ്പുണ്ട്.. രാവിലെ മുതല്‍ തുടങ്ങിയ മഴയാണ്, ട്രാക്ക് ക്ലിയര്‍ അല്ലാത്തത് കൊണ്ടാകും ട്രെയിന്‍ അവിടെ നിര്‍ത്തിയിട്ടെക്കുന്നത്.. അയാള്‍ ഒരു ബീഡി എടുത്തു കത്തിച്ചു.. പുകച്ചുരുളുകള്‍ ഓ൪മകളായി ചുറ്റും നിന്ന് ശ്വാസം മുട്ടികുന്നത് പോലെ അയാള്‍ക്ക്‌ തോന്നി. വര്‍ഷങ്ങള്‍ പുറകിലേക്ക് തെന്നി നീങ്ങാന്‍ തുടങ്ങി.

അന്നും ഇതുപോലൊരു ദിവസം ആയിരുന്നു.. കോരിച്ചൊരിയുന്ന മഴ, പക്ഷെ പതിവിനു വിപരീതമായി അന്ന് നിലമ്പൂര്‍ പാസഞ്ചര്‍ കൃത്യസമയത് വന്നിരുന്നു.. ഡ്യൂട്ടി കഴിഞ്ഞു അയാള്‍ ആ ട്രെയിനില്‍ ആകും മിക്കവാറും വീട്ടിലേക്കു പോകുക. ഷൊര്‍ണൂര്‍ റെയില്‍വേ കോളനിയില്‍ ആയിരുന്നു അയാളുടെ വീട്, സ്റ്റേഷന്‍ വികസനത്തിന്റെ പേരില്‍ അവിടം ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു.. പകരം കിട്ടിയതോ നിലമ്പൂര്‍ ഒരു കുഗ്രാമത്തില്‍ 4 സെന്റ്‌ സ്ഥലവും 25000 രൂപയും. വികാസത്തിന്റെ പേരിലുള്ള കുതിരകച്ചവടത്തില്‍ അയാളും ഒരു ഇര ആയിരുന്നു. പക്ഷെ ഇന്ന് ഡ്യൂട്ടി കഴിഞ്ഞു നിലമ്പൂര്‍ പാസഞ്ചറില്‍ ‍ പോകാന്‍ കഴിയില്ല, നാളെ ചിന്നുവിന്റെ പിറന്നാള്‍ ആണ്.. ചിന്നു അയാളുടെ ഒറ്റമകള്‍ ആണ്.. ഷൊര്‍ണൂര്‍ പഠിക്കുകയാണ് ബി.എ യ്ക്ക്. അവളുടെ 21-ആം പിറന്നാള്‍ ആണ് നാളെ. കോളേജില്‍ ഉടുത്തോണ്ട് പോകാന്‍ ഒരു സാരി വേണം എന്ന് പറയാന്‍ തുടങ്ങിയിട്ട് നാള് കുറെ ആയി.. കഴിഞ്ഞില്ല ഇതേവരെ.. നാളെ അവള്‍ക്കു പിറന്നാള്‍ സമ്മാനമായി ഒരു സാരി വാങ്ങി കൊടുക്കണം. കഴിഞ്ഞ 3 മാസത്തെ ശമ്പളത്തില്‍ നിന്നും കുറേശ്ശെ മിച്ചം പിടിച്ചു വെച്ചിരുന്നു ഇതിനായി. ഡ്യൂട്ടി കഴിഞ്ഞു അയാള്‍ നേരെ അടുത്തുള്ള ഒരു തുണിക്കടയില്‍ കയറി. അവള്കായി അവള്‍ക്കിഷ്ടപെട്ട ചുവപ്പ് പട്ടു സാരി തന്നെ വാങ്ങിച്ചു. കുറഞ്ഞതാണ്.. ഇതിനപ്പുറം ഒന്നിനും തന്റെ വരുമാനം അനുവദിക്കില്ലെന്നു അവള്‍ക്കറിയാം..

അയാള്‍ തിരിച്ചു സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും നിലംബൂരെക്കുള്ള അവസാന ട്രെയിനും പോയിരുന്നു.. നാളെ രാവിലെ ചിന്നുവിനുള്ള പിറന്നാള്‍ സമ്മാനവുമായി വീട്ടിലെത്താം എന്നാ ചിന്തയില്‍ അയാള്‍ പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങി.. രാവിലെ ആയിട്ടും മഴ ശമിചിരുന്നില്ല.. കയ്യില്‍ മിച്ചമുണ്ടായിരുന്ന 5 രൂപയുമായി അയാള്‍ ചായകുടിക്കാന്‍ റെയില്‍വേ പ്ലാറ്റ്ഫോമിലെ ചായക്കടയില്‍ എത്തി.. അവിടെ എല്ലാവരും പത്രത്തിന് ചുറ്റും നില്ല്ക്കുകയാണ്.. ചായ കുടിക്കുന്നതിനിടെ അയാള്‍ കടക്കാരനോട് കാര്യം അന്വേഷിച്ചു.. "ഇന്നലെ സന്ധ്യക്കുള്ള നിലമ്പൂര്‍ പാസഞ്ചറില്‍ ഏതോ പെണ്‍കുട്ടിയെ കൊലപെടുത്തിയ വാര്‍ത്തയാണ് പത്രം നിറയെ", പത്രത്തിലേക്ക് നോക്കിയ അയാളില്‍ നിന്നും ഒരു നിലവിളി.. ചിന്നു.. ട്രെയിനില്‍ പിച്ചി ചീന്തി കൊലപ്പെടുത്തിയതു സ്വന്തം മകളെയാണെന്ന് അറിഞ്ഞ ആ അച്ഛന്റെ അലമുറയിടല്‍ സഹിക്കാവുന്നതിനും അപ്പുറമായിരുന്നു കണ്ടു നിന്നവര്‍ക്ക് പോലും.. അവള്‍ക്കായി വാങ്ങിയ പട്ടുസാരി ഇനി അവള്‍ക്കു ആവശ്യമില്ല, ഇനി അവള്‍ക്കൊരു കോടിമുണ്ടാണ് വേണ്ടത്. അയാളുടെ കണ്ണീരില്‍ പട്ടുസാരി അപ്പോഴേക്കും കുതിര്‍ന്നിരുന്നു.. പ്ലാറ്റ്ഫോമിനു പുറത്തു തിമിര്‍ത്തു പെയ്യുന്ന മഴയെ പോലും ഭയപെടുതുന്ന രീതിയില്‍ ആയിരുന്നു അയാളുടെ കരച്ചില്‍..

പെട്ടെന്ന് കാബിന്‍ റൂമിലെ ഫോണ്‍ ശബ്ദം അയാളെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി.. നിലമ്പൂര്‍ പാസഞ്ചറിന് സിഗ്നല്‍ ആയിരിക്കുന്നു.. 6 വര്‍ഷങ്ങള്‍.. നീണ്ട 6 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു അവള്‍ പോയിട്ട്.. സ്വന്തം ജീവിതത്തില്‍ വെളിച്ചം മറഞ്ഞിട്ടും ആര്‍ക്കൊക്കെയോ എവിടെയൊക്കെയോ എത്താനായി ഇന്നും അയാള്‍ പച്ചവെളിച്ചം തെളിക്കുന്നു....